Wednesday, August 12, 2009

മുരളീരവത്തില്‍ അലിഞ്ഞലിഞ്ഞ്


ഒഴുകിയെത്തുന്നൊരീറകുഴല്‍‍ നാദമെന്നെ തഴുകവേ,
കൗസ്തുഭം ചാര്‍ത്തിയ വിരിമാറില്‍ചേര്‍ന്നുറങ്ങി
വര്‍ണ്ണങ്ങള്‍ കത്തുന്ന കണ്ണുമായ്‌, നിന്‍ തിരു-
വാര്‍മുടികെട്ടിലെ പൊന്‍‌മയില്‍ പീലിയാകാന്‍.

കഥയൊന്നു കേട്ട് നിന്‍ വൃന്ദാവനിയിലെ
നീലകടമ്പിന്‍ ചോട്ടിലരിയ മണ്‍കുടിലില്‍
വനമാല ചീന്തിയ മാറില്‍ ചാഞ്ഞൊട്ടു
മുരളീരവത്തിലലിഞ്ഞു രാസകേളിയാടാന്‍

ധരയിതില്‍ ഞാന്‍ നെയ്‌ത സ്വപ്നങ്ങള്‍ക്കൊക്കയും
അറിയാതെ അറിയാതെ നീ വര്‍ണ്ണ ചിറകുനല്‍കി
ശിഥില സ്വപ്‌നങ്ങളോക്കെയുടച്ചു, പാര്‍‌വണചന്ദ്രിക-
രാവിതില്‍ ചോരനെപോലെന്നില്‍ കടന്നു വന്നു

ഉയരുമോടകുഴല്‍ മധുനാദമൊപ്പമായ്
പിടയുന്ന മനസുമായ് നിന്നരികിലെത്തി
കണ്‍‌മുനയാല്‍ നീ എന്നില്‍ കവിത നിറക്കേ
അറിയാതെ സങ്കടം മിഴിനിറഞ്ഞൊഴുകി

നിന്റെ പാദം പതിഞ്ഞ വൃന്ദാവനേ
മുരളീരവം കേട്ടുനിന്‍ മടിയില്‍ ശയിക്കാന്‍
നിലാവെളിച്ചം കുടിച്ചൊന്നുറങ്ങുവാന്‍
മുരളീധരാ നീ അരികില്‍ അണയുകില്ലേ?

തന്ത്രികള്‍ പൊട്ടിയ മണി തംബുരുമീട്ടാന്‍
മുരളികയൂതി നീ എന്നരികിലണയുകില്ലേ?
ഇനിയുമീ രുദ്ര വീണയില്‍ ശ്രുതിയിടാന്‍
വൃന്ദാവനചാരി മുരളീക്യഷ്‌ണാ നീ വരില്ലേ?

അറിയാതെ അറിയുന്നു നിന്‍‌മനം ക്യഷ്‌ണ
അറിഞ്ഞിട്ടും അറിയാതെ നീ പോയിടല്ലേ
രാവിന്‍ നിശൂന്യതയിലേകയായുഴറിടുമ്പോള്‍
രാമഴയായ് പെയ്തിറങ്ങുന്നു മധുരമീ മുരളീരവം