Wednesday, August 12, 2009

മുരളീരവത്തില്‍ അലിഞ്ഞലിഞ്ഞ്


ഒഴുകിയെത്തുന്നൊരീറകുഴല്‍‍ നാദമെന്നെ തഴുകവേ,
കൗസ്തുഭം ചാര്‍ത്തിയ വിരിമാറില്‍ചേര്‍ന്നുറങ്ങി
വര്‍ണ്ണങ്ങള്‍ കത്തുന്ന കണ്ണുമായ്‌, നിന്‍ തിരു-
വാര്‍മുടികെട്ടിലെ പൊന്‍‌മയില്‍ പീലിയാകാന്‍.

കഥയൊന്നു കേട്ട് നിന്‍ വൃന്ദാവനിയിലെ
നീലകടമ്പിന്‍ ചോട്ടിലരിയ മണ്‍കുടിലില്‍
വനമാല ചീന്തിയ മാറില്‍ ചാഞ്ഞൊട്ടു
മുരളീരവത്തിലലിഞ്ഞു രാസകേളിയാടാന്‍

ധരയിതില്‍ ഞാന്‍ നെയ്‌ത സ്വപ്നങ്ങള്‍ക്കൊക്കയും
അറിയാതെ അറിയാതെ നീ വര്‍ണ്ണ ചിറകുനല്‍കി
ശിഥില സ്വപ്‌നങ്ങളോക്കെയുടച്ചു, പാര്‍‌വണചന്ദ്രിക-
രാവിതില്‍ ചോരനെപോലെന്നില്‍ കടന്നു വന്നു

ഉയരുമോടകുഴല്‍ മധുനാദമൊപ്പമായ്
പിടയുന്ന മനസുമായ് നിന്നരികിലെത്തി
കണ്‍‌മുനയാല്‍ നീ എന്നില്‍ കവിത നിറക്കേ
അറിയാതെ സങ്കടം മിഴിനിറഞ്ഞൊഴുകി

നിന്റെ പാദം പതിഞ്ഞ വൃന്ദാവനേ
മുരളീരവം കേട്ടുനിന്‍ മടിയില്‍ ശയിക്കാന്‍
നിലാവെളിച്ചം കുടിച്ചൊന്നുറങ്ങുവാന്‍
മുരളീധരാ നീ അരികില്‍ അണയുകില്ലേ?

തന്ത്രികള്‍ പൊട്ടിയ മണി തംബുരുമീട്ടാന്‍
മുരളികയൂതി നീ എന്നരികിലണയുകില്ലേ?
ഇനിയുമീ രുദ്ര വീണയില്‍ ശ്രുതിയിടാന്‍
വൃന്ദാവനചാരി മുരളീക്യഷ്‌ണാ നീ വരില്ലേ?

അറിയാതെ അറിയുന്നു നിന്‍‌മനം ക്യഷ്‌ണ
അറിഞ്ഞിട്ടും അറിയാതെ നീ പോയിടല്ലേ
രാവിന്‍ നിശൂന്യതയിലേകയായുഴറിടുമ്പോള്‍
രാമഴയായ് പെയ്തിറങ്ങുന്നു മധുരമീ മുരളീരവം

Sunday, November 30, 2008

കല്ല്‌ കൊണ്ടോ മനം താവകം, കൃഷ്ണാ...

കല്ല്‌ കൊണ്ടോ മനം താവകം, കൃഷ്ണാ...
നീ ഭോഗിച്ചു കശക്കിയ ഗോപികമാരിവര്‍
അളമുട്ടിയുയര്‍‌ത്തുന്നൊരായിരം ചോദ്യങ്ങള്‍
നിന്‍ ഭോഗവസ്തുവായ് മാറിയ ജന്മങ്ങള്‍ ഞങ്ങള്‍

പറയുക ഹേ നരോത്തമാ
ഞങ്ങള്‍ തന്‍ ചോദ്യങ്ങള്‍ക്കുത്തരം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം ജനിച്ചനീ
ധര്‍മ്മത്തെ വാഴിക്കുവാനധര്‍മ്മങ്ങളെത്ര ചെയ്തൂ
ധര്‍മ്മത്തെ ജയിക്കുവാനധര്‍മ്മങ്ങള്‍ ചെയ്തതോ
ധര്‍മ്മ സംസ്ഥാപനം പറയൂ പരാന്തകാ

പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുവാന്‍ ഹേതുവായ്
പിറയിയെടുത്തൊരവതാര കണ്ണാ
യമപുരി പുല്‍കിയ യാദവകുരുന്നുകള്‍ തന്‍
നിണമിറ്റു കറുത്തുതോ നിന്‍ ക്യഷ്‌ണ വര്‍ണ്ണം
കാളീയ മര്‍ദ്ദന മാടിരസിക്കവേ
കാളകൂടം പകര്‍ന്നതോ കാര്‍മേഘ വര്‍ണ്ണം

ഗോപികമാരുടെ ചേലകവര്‍ന്ന്
നീലകടമ്പിന്‍ മുകളേറി നിന്ന്
നഗ്നരായ് നീരാടും നാരിമാര്‍തന്നുടെ
നഗ്നത കണ്ടു രമിച്ചു കളിച്ച ബാല്യം
മാവുണ്ണുവാനായ് വെണ്ണകവര്‍ന്നവന്‍
കള്ളനല്ലാതെങ്ങനെ ശ്രേഷ്ടനാകും
ധര്‍മ്മത്തെ ജയിക്കുവാനധര്‍മ്മങ്ങള്‍ ചെയ്തതോ
ധര്‍മ്മ സംസ്ഥാപനം പറയൂ പരാന്തകാ

കാര്‍മുകില്‍ വര്‍ണ്ണം ചൊരിഞ്ഞനിന്‍ മാറിനെ
ഒരു മുളം തണ്ടിന്റെ ശ്രുതിയില്‍ മയക്കി
പരശതം പെണ്ണിനെ ഭോഗിച്ചു തള്ളി
താലിചാര്‍ത്താതെ രധയെ വരിച്ചു നീ
പാര്‍‌വ്വണേന്ദുതന്‍ പാല്‍‌വെളിച്ചത്തില്‍
സുലഭമായ് രാസകേളി നടത്തിനീ
എണ്ണമൊടുങ്ങാതെ മൈഥുനം ചെയ്തതോ
ധര്‍മ്മ സംസ്ഥാപനം പറയൂ പരാന്തകാ

ഇന്ദ്ര, പവന, അശ്വനി, യമ ദേവന്മാ-
രിവര്‍തന്‍ സുതന്മാരഞ്ചുപേര്‍
കുന്തിതന്‍ മക്കളാം വീരന്മാരിവരെങ്ങനെ
പാണ്ഡുവിന്‍ മക്കാളായി ഹേ നരോത്തമാ
പാണ്ഡവരന്ന പേരിനെന്തര്‍ഹത
ഹസ്തിനപുരത്തിനെന്തവകാശം
ആറുപേരെ ഭോഗിച്ചു രമിച്ച കുന്തിയും

അഞ്ചുപേര്‍ പകുത്ത പാഞ്ചാലിയും
ദൂതിനു പോയി നീ പക്ഷം പിടിച്ചതൊ
ധര്‍മ്മ സംസ്ഥാപനം പറയൂ പരാന്തകാ

പക്ഷം ചേര്‍ന്നിടാന്‍ ഉറക്കം നടിച്ചു നീ
യുദ്ധം ജയിക്കാന്‍ കവചകുണ്ഡല മറുപ്പിച്ചു
മാതുലനാം കംസനെ നിഗ്രഹം ചെയ്തഭീതി
പദ്മവ്യൂഹത്തിനുള്ളിലെത്തിച്ചു നിര്‍ത്തിയോന്‍
പദ്മവ്യൂഹത്തില്‍ കുടുക്കി അഭിമന്യു കുമരനാം
നിന്‍ സോദരീ സുതനെ യമപുരിചേര്‍ത്തു
സൂതനാം സൂര്യപുത്രന്‍ വില്ലാളിവീരന്‍
കര്‍ണ്ണനെ ഒളിയമ്പയച്ചു കൊല്ലിച്ചവന്‍ നീ
ശിഖണ്ഡിയെ മുന്‍‌നിര്‍ത്തി ശരശയ്യ ചമച്ചതോ
ധര്‍മ്മ സംസ്ഥാപനം പറയൂ പരാന്തകാ

പാഞ്ചജന്യം മുഴക്കി നീ ഗീത പാടി
മുരളികയൂതി നീ വ്യന്ദാവന കേളിയാടി
ഗീതയാല്‍ ജ്ഞാനം പകര്‍ന്നു നല്‍കി
ധര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ചൊല്ലിപഠിപ്പിച്ചു
ധര്‍മ്മത്തെ വാഴിക്കുവാന്‍ യുദ്ധം ചമച്ചവന്‍
കര്‍മ്മമായ് കാട്ടിയതൊക്കെ അധര്‍മ്മം
ധര്‍മ്മത്തിന്‍ അധര്‍മ്മങ്ങള്‍ ധര്‍മ്മമാകുമോ?
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം പറയൂ പരാന്തകാ

അധര്‍മ്മങ്ങള്‍ കാട്ടിയ യാദവ കുമാരന്റെ
അധര്‍മ്മങ്ങളവന്‍ തന്‍ ലീലാ വിലാസങ്ങള്‍
പരന്നൊഴുകട്ടെ നീ കൊളുത്തിവച്ചൊരാ
നിലവിളക്കാം ഭഗവത് ഗീതതന്‍ വെളിച്ചം
കലിയിലും അനര്‍ഗ്ഗളം ശോഭ നിര്‍ഗ്ഗളിക്കട്ടെ
മനിതരാം മനുജര്‍ തന്‍ ഹ്യത്തിലേക്കായ്

Monday, November 17, 2008

മഴനൂല്‍ കനവ്

കാല്‍‌പാട് മയ്‌ക്കാത്തവഴികളില്‍
ഇന്ന് മഞ്ഞുവീണു നിറയുന്നു
തണുപ്പുവന്നെന്റെ ചിറകരിയുന്നു
കോടമഞ്ഞെന്റെ കാഴ്‌ച മറക്കുന്നു

മഞ്ഞില്‍ കുതിര്‍ന്നൊരു പക്ഷി
എന്‍ ജാലകത്തില്‍ വന്നടിച്ചു
മാറുപിളര്‍ന്നതിന്‍ ചുടു നിണമെന്‍
ചില്ലിന്‍‌മേല്‍ വര്‍ണ്ണ ചിത്രമെഴുതി

വ്യന്ദാവ‌നികയില്‍ മുരളിപൊഴിക്കും
അവതാര ക്യഷ്‌‌ണാ നീ എവിടെ
നിന്‍പൊന്നോടകുഴലതൊരുവേള
എനിക്കായ് പകുത്തു നല്‍‌കുകില്ലേ?

അറിയുന്നു നിന്നെ ഈ അകലത്തിലും
ഇന്ദ്രിയ ചലനങ്ങള്‍ നിനക്കുള്ളാതാകവേ
ഏകാന്തരാവുകളിലൊന്നില്‍ വരുമെന്നൊരു
മഴനൂല്‍ കനവുമായ് ഞാന്‍ കാത്തിരിക്കാം